
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വരുമെന്ന വിശ്വാസത്തിൽ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി തല പൂജാമുറിയിൽ കുഴിച്ചിട്ടു. ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ദുർമന്ത്രവാദത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ശത്രുഘ്ന സാഹു (40) അറസ്റ്റിലായി.
തേബദമുണ്ഡ സ്വദേശിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ സന്തോഷിനെ കാണാതായിരുന്നു. തുടർന്ന് ഓഗസ്റ്റ് 21ന് ബഗഡ ഗ്രാമത്തിലെ കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് വ്യക്തമായത്. തുടർന്ന് സാഹുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ഇയാൾ നൽകിയ മൊഴി.
എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ സാഹു കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മൂന്ന് വർഷം മുമ്പ് തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ തിരികെ ലഭിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയത്.
സന്തോഷും സാഹുവും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. യാദൃച്ഛികമായി പരിചയപ്പെട്ട സന്തോഷിനെ സാഹു വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കൊലപാതകത്തിന് ശേഷം തല മറ്റൊരിടത്ത് ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാൽ സാഹുവിന്റെ വീട്ടിലെ പൂജാമുറി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇവിടെ കുഴിച്ചിട്ട നിലയിൽ സന്തോഷിന്റെ തല പോലീസ് കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുണ്ടായിരുന്നോയെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.










